റെയിൽവേ പാലത്തിനു മുകളിൽനിന്ന അമ്മയുടെ കൈയിൽനിന്ന് കൈക്കുഞ്ഞിനെ പുഴയിൽ വീണ് കാണാതായി. പതിനൊന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണ്.
മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35-കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.
ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായി. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോളാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്
മാനസിക അസ്വാസ്ഥ്യമുള്ള യുവതി ആറ് മാസമായി ചികിത്സയിലാണെന്ന് വീട്ടുകാർ പറയുന്നു. ഭർത്താവ് ഗൾഫിലാണ്.
പെരിന്തൽമണ്ണ-മലപ്പുറം അഗ്നിരക്ഷാസേന യൂനിറ്റുകളും സിവിൽ ഡിഫൻസ് അംഗങ്ങളും മപ്പാട്ടുകര പാലത്തിന് താഴെയും പരിസര പ്രദേശങ്ങളിലുമായി പുഴയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ തിരച്ചിൽ തുടരുകയാണ്.
പെരിന്തൽമണ്ണ ഫയർ ഓഫിസർ സി. ബാബുരാജ്, കെ. പ്രജീഷ്, കെ.എം. മുജീബ്, അശോക് കുമാർ, ഉമ്മർ എന്നിവരും ഡിഫൻസ് അംഗങ്ങളും സംബന്ധിച്ചു. പെരിന്തൽമണ്ണ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.