ചാലിശ്ശേരിയിൽ തെരുവുനായ്‌ക്കളുടെ വിളയാട്ടം | KNews


 കൂറ്റനാട്: ചാലിശ്ശേരി പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ചാലിശ്ശേരി കുന്നത്തേരിയിൽ കഴിഞ്ഞദിവസം അയൽവാസികളായ വീട്ടമ്മമാർ വളർത്തിയിരുന്ന 75 മുട്ടക്കോഴികളെയും ഒരാടിനെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മാതൃകാകർഷകനായ തുറക്കൽ മുഹമ്മദിന്റെ വീട്ടിലാണ് മുപ്പതോളം കോഴികളെയും ഒരു ആടിനെയും ചത്ത നിലയിൽ കണ്ടത്.

ഇദ്ദേഹം പഞ്ചായത്തിലെ മാതൃകാ മത്സ്യകർഷകൻ കൂടിയാണ്. കട്ടപ്പനയിൽ സാലുവിന്റെ വീട്ടിലെ 45-ഓളം കോഴികളെയും തെരുവുനായ്ക്കൾ കൂട് തകർത്ത്‌ കടിച്ചുകൊന്നു.

നായ്ക്കളുടെ കൂട്ടംചേർന്നുള്ള ആക്രമണമായതിനാൽ വീട്ടിലുള്ള സ്ത്രീകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

മനുഷ്യരുടെ സ്വൈര്യജീവിതവും സമാധാനവും തകർക്കുംവിധത്തിൽ ഭീഷണിയുണ്ടായിട്ടും നിയമത്തിന്റെ നൂലാമാലകൾപറഞ്ഞ് തെരുവുനായ്ക്കളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വളർത്തുമൃഗങ്ങളെ മുറ്റത്തേക്കിറക്കാൻപോലും പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം പേയിളകിയ നായ പെരിങ്ങോട്, ചാലിശ്ശേരി ഭാഗങ്ങളിൽ ആളുകളെയും കന്നുകാലികളെയും കടിച്ചിരുന്നു.

Tags

Below Post Ad