ആനക്കര: കൂടല്ലൂരിൽ കണ്ടെത്തിയ മഹാശിലായുഗത്തിലെ ചെങ്കൽഗുഹയുടെ മുൻവശത്ത് വലിയ നന്നങ്ങാടിയും കണ്ടെത്തി. കഴിഞ്ഞ മാസം 27-നാണ്, ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറത്ത് പറക്കുളം കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാൽ കീറുന്നതിനിടയിൽ ഗുഹ കണ്ടെത്തിയത്. ഇതിന്റെ രണ്ടാംഘട്ടഖനനം ചൊവ്വാഴ്ച നടത്തിയപ്പോഴാണ് അപൂർവങ്ങളിൽ അപൂർവമായ നന്നങ്ങാടിയും കണ്ടെത്തിയത്.
കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച വീണ്ടും കൂടല്ലൂരിൽ ഖനനം ആരംഭിച്ചത്. ചെങ്കൽഗുഹയുടെ കവാടത്തിന് ഒന്നരയടി മുമ്പിലായിട്ടാണ് നന്നങ്ങാടി കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ നന്നങ്ങാടി കാണപ്പെടുന്നത് അപൂർവമാണെന്ന് ഗവേഷകർ പറയുന്നു. നന്നങ്ങാടിയുടെ മുകൾവശം പൊട്ടിയ നിലയിലാണ്. കറുപ്പും ചുവപ്പും കലർന്ന മൂന്ന് മൺകോപ്പകളുടെ അവശിഷ്ടങ്ങളും ഇരുമ്പായുധങ്ങളും കൂടെ കണ്ടെത്തിയിട്ടുണ്ട്.
പള്ളിമഞ്ഞാലിൽ സുഹറയുടെ വീട്ടുമുറ്റത്തെ മതിലിനോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ ഖനനം നടക്കുന്നത്. കോൺക്രീറ്റ് കട്ട വിരിച്ച മുറ്റത്ത്, കട്ടകൾ നീക്കിയാണ് ഖനനം. ആദ്യഘട്ടത്തിൽ, ഇടയ കാർഷികഗോത്രസംസ്കൃതിയുടെ ശേഷിപ്പുകളായ മൺപാത്രങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. മൺപാത്രങ്ങൾക്കു പുറമേ വിവിധ അസ്ഥികൾ, മൺകുടങ്ങൾ, ഇരുമ്പായുധങ്ങൾ, തൂക്കുവിളക്ക് എന്നിവയും ഈ ഭാഗങ്ങളിൽനിന്ന് ലഭിച്ചിരുന്നു.
തൃശ്ശൂർ പുരാവസ്തുവകുപ്പ് ക്യുറേറ്ററും തൃശ്ശൂർ ശക്തൻ തമ്പുരാൻ പാലസ് മ്യൂസിയം ഇൻ-ചാർജുമായ ആതിര ആർ. പിള്ള, മ്യൂസിയം ഗൈഡ് ഡിനിൽ, പട്ടാമ്പി സംസ്കൃതകോളേജിലെ ചരിത്രവിഭാഗം അസോ. പ്രൊഫ. കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ടപരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പാക്കത്ത് അച്ചുട്ടി, പള്ളിമഞ്ഞാലിൽ സുഹറ എന്നിവരുടെ വീട്ടുമുറ്റത്തേക്കും മതിലിലേക്കും നീളുന്നതാണ് കണ്ടെത്തിയ ഗുഹ. ഇതിൽ ഗുഹയുടെ പ്രവേശനകവാടം നിൽക്കുന്നത് സുഹറയുടെ വീട്ടുമതിലിനോട് ചേർന്നാണ്. വി.എ. വിമൽകുമാർ, ബിനോജ് എന്നിവരും ഖനനസംഘത്തിലുണ്ട്.