കൂടല്ലൂർ : ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കവെ ഗുഹയിൽ കണ്ടെത്തിയ അറയിൽ നിന്ന് കൂടുതൽ മഹാശില സംസ്കാര ശേഷിപ്പുകൾ കണ്ടെത്തി.കോഴിക്കോട് പഴശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജ്, വി.എ.വിമൽകുമാർ, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഖനനം പുരോഗമിക്കുന്നത്
ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണു മാറ്റിയപ്പോഴാണ് മൂന്ന് കൽപ്പാളികൾ കണ്ടെത്തിയത്. രണ്ട് അറകൾ നേരത്തേതന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് പതിവിൽ നിന്നു വ്യത്യസ്തമായി ത്രികോണാകൃതിയാണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കൽപടവുകളും ചെങ്കല്ലിൽ തീർത്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച ചെങ്കല്ല് ഗുഹയ്ക്ക് മുൻവശത്ത് നടത്തിയ ഖനനത്തിൽ മഹാശില സംസ്കാര ശേഷിപ്പുകളായ നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഗുഹയുടെ കാവടത്തിന് ഒന്നര അടി മുന്നോട്ട് മാറിയാണ് നന്നങ്ങാടി കണ്ടെത്തിയിത്. ചെങ്കൽ മേഖലയിൽ കല്ല് വെട്ടി ഗുഹയുണ്ടാക്കി അതിന് മുൻ വശത്ത് നന്നങ്ങാടി കണ്ടെത്തിയത് അപൂർവ്വതയാണന്ന് പട്ടാമ്പി സംസ്‌കൃത കോളേജിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. രാജൻ പറഞ്ഞു.
നന്നങ്ങാടിയുടെ മുകൾ വശം പൊട്ടിയ നിലയിലാണ്. ഇതിൽ നിന്നും കറുപ്പ് ചുവപ്പ് കലർന്ന മൂന്ന് മൺ പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുമ്പ് ആയുധങ്ങളും ലഭിച്ചിരുന്നു. ഇതിന് സമീപമാണ് കഴിഞ്ഞദിവസം ഖനനം നടന്നത്.
ഗുഹയുടെ അവസാന ഭാഗമാണ് പൈപ്പ് ഇടാൻ റോഡരികിൽ ചാല് കീറുമ്പോൾ ആദ്യം കണ്ടത്. ഇപ്പോൾ നടത്തിയ രണ്ടാം ഘട്ട ഖനനത്തിലാണ് പ്രധാന ഗുഹാമുഖം നന്നങ്ങാടി എന്നിവ കണ്ടെത്തിയത്. നേരത്തെ നടന്ന ഖനനത്തിൽ ഇടയ - കാർഷിക - ഗോത്ര സംസ്‌കൃതിയുടെ ശേഷിപ്പുകളായ മൺപാത്രങ്ങളാണ് കൂടുതലായി ലഭിച്ചിരുന്നത്.
മൺപാത്രങ്ങൾക്കു പുറമെ വിവിധ അസ്ഥികൾ,മൺകുടങ്ങൾ, ഇരുമ്പായുധങ്ങൾ, തൂക്ക് വിളക്ക് കറുപ്പും, ചുവപ്പും കലർന്ന ചെറിയ മൺപാത്രങ്ങൾ, റസറ്റ് കോട്ടട് പെയിന്റഡ് മൺപാത്രങ്ങൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.