പുന്നയൂർക്കുളം: ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ് (26) തൂങ്ങിമരിച്ചത് ഗാർഹിക പീഡനംമൂലമാണെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർതൃമാതാവും സഹോദരിയും അറസ്റ്റിൽ. ഫൈറൂസിന്‍റെ ഭർത്താവ് ജാഫര്‍ സിദ്ദീഖിന്‍റെ മാതാവ് ചങ്ങരംകുളം പിടാവന്നൂര്‍ റസിയ (50), ഇവരുടെ മകള്‍ സംവൃത (31) എന്നിവരെയാണ് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്‍റെ നിർദേശപ്രകാരം വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ഹൈകോടതി നിര്‍ദേശപ്രകാരം കുന്നംകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി. ജാഫര്‍ സിദ്ദീഖാണ് (32) കേസിലെ ഒന്നാം പ്രതി. ഗള്‍ഫിലുള്ള ഇയാള്‍ക്കുവേണ്ടി ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത നാലാം പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജറാകാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഫൈറൂസ് നാലുമാസം പ്രായമുള്ള മകളെ ഉറക്കിക്കിടത്തി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്.