പാലക്കാട് പട്ടിത്തറ തലക്കശ്ശേരി തേൻകുളം വീട്ടിൽ അബുതാഹിർ (29), തലക്കശ്ശേരി മലയൻചാത്ത് ഷമീം (30), തലക്കശ്ശേരി തുറക്കൽ വീട്ടിൽ ഷബീർ (36) എന്നിവരെയാണ് ശനിയാഴ്ച പുലർച്ച പാലക്കാട് പടിഞ്ഞാറങ്ങാടിവെച്ച് കോഴിക്കോട് റൂറൽ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടിയത്.
ജനുവരി 28ന് യു.എ.ഇയിൽനിന്ന് സ്വർണവുമായി മുംബൈ എയർപോർട്ടിൽ ഇറങ്ങിയ കോഴിക്കോട് എടക്കര സ്വദേശിയായ യുവാവ് സ്വർണം എയർപോർട്ടിൽ കാത്തുനിന്ന ഉടമക്ക് നൽകാതെ മുങ്ങുകയായിരുന്നു.
പിന്നീട് നാട്ടിലെത്തിയ യുവാവിനെ ഏപ്രിൽ 28ന് സ്വർണക്കടത്തു സംഘത്തിനുവേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ മർദിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവാവ് രക്ഷപ്പെട്ടു.
യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾക്ക് തൃശൂർ, പാലക്കാട് ജില്ലകളിലെ ക്വട്ടേഷൻ സംഘവുമായും ബന്ധമുണ്ട്.
കേസിലുൾപ്പെട്ട മറ്റൊരു പ്രതി വിദേശത്താണ്. തട്ടിയെടുത്ത സ്കൂട്ടറും മൊബൈൽ ഫോണും കുറ്റിപ്പുറത്തുള്ള സഹായിയുടെ കൈവശം ഒളിപ്പിച്ചതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോഴിക്കോട് ജെ.എഫ്.സി.എം-മൂന്ന് കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട് റൂറൽ എസ്.പി ആർ. കറുപ്പസാമിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കാക്കൂർ ഇൻസ്‌പെക്ടർ എം. സനൽരാജ്, എസ്.ഐ എം. അബ്ദുൽ സലാം, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, പി. ബിജു, കാക്കൂർ സ്റ്റേഷനിലെ എ.എസ്.ഐമാരായ സുരേഷ് കുമാർ, എസ്. സുജാത്, സി.പി.ഒമാരായ രാംജിത്, ചിത്ര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.