വയോധികയെ പറഞ്ഞ് പറ്റിച്ച് പണവും സ്വര്‍ണാഭരണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ


 

വളാഞ്ചേരി : പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാള്‍  വളാഞ്ചേരി പോലീസിന്റെ പിടിയിലായി. തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് വളാഞ്ചേരിയില്‍ പിടിയിലായത്. വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ് ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

 വിശ്വാസം വന്ന സ്ത്രീ കയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.


പ്രതി യൂസഫ് വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. 

തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു. സമാനരീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവും സ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.


Below Post Ad