എടപ്പാൾ : ചങ്ങരംകുളത്ത് ബൈക്കിടിച്ച് വീഴ്ത്തി യുവാവിന്റെ 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തിയാണ് സംഘം 20 ലക്ഷം രൂപ തട്ടിയെടുത്ത് കടന്ന് കളഞ്ഞത്..
ഇയാൾ കുഴൽപ്പണം വിതരണം ചെയ്യുന്ന ആളാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് ബൈക്കിലെത്തിയ സംഘം കവർന്നതെന്നാണ് വിവരം. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ചിയ്യാനൂർ റോഡിലാണ് സംഭവം.
യുവാവ് സഞ്ചരിച്ച ബൈക്കിന് പുറകെയെത്തിയ സംഘം യുവാവിന്റെ ബൈക്കിനെ ക്രോസ് ചെയ്ത് ബൈക്ക് മറിച്ചിട്ട ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. രണ്ട് ബൈക്കുകളിലായാണ് നാലംഗ സംഘം പണം കവർന്ന് രക്ഷപ്പെട്ടത്.
തിരൂർ ഡി വൈ എസ് പി ബെന്നി, ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വഴിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.