നടുവട്ടം ജനത സ്കൂളിന്റെ രണ്ടാം ഘട്ട വികസനത്തിന് 3 കോടി അനുവദിച്ചു


 

നടുവട്ടം ജനത സ്കൂളിന്റെ രണ്ടാം ഘട്ട വികസനത്തിന് 3 കോടി അനുവദിച്ചു. ഹയർസെക്കണ്ടറി ബ്ലോക്ക് ഉടൻ ആരംഭിക്കും. മുഹമ്മദ് മുഹസിൻ എംഎൽഎ

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടുവട്ടം ജനതാ സ്കൂളിനു രണ്ടാം ഘട്ടത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിനായി ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങൾക്കുമായിരിക്കും തുക വിനിയോഗിക്കുക. എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും പൊതു വിദ്യാഭ്യാസ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

 മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള ഈ സ്കൂളിൽ 5 കോടി ചിലവിട്ടു കൊണ്ട് ഹൈസ്കൂൾ വിഭാഗത്തിനു നേരത്തെ തന്നെ ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കിയിരുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ ക്ലാസ് മുറികളുടെ ശോചനീയവസ്ഥയും വിദ്യാർത്ഥികളുടെയും മുൻ പിടിഎയുടെയും പരാതിയും ബാലാവകാശ കമ്മീഷൻ സന്ദർശിച്ചതുമെല്ലാം കഴിഞ്ഞ ജനുവരിയിൽതന്നെ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അന്നുതന്നെ ബഹു മന്ത്രി ഉറപ്പു നൽകിയ  2 കോടിയാണ് ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു അനുവദിച്ചത്.  

ഈ പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ ഈ സ്‌കൂൾ പൂർണമായും മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ ഉതകുന്ന രീതിയിൽ ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളും  ഒരുങ്ങുകയും ചെയ്യും. അതൊടൊപ്പം തന്നെ ഈ വിദ്യാലയത്തിൽ  സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കും. 

ഇപ്പോൾ അനുവദിച്ചിട്ടുള്ള മുന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് വഴിയാണ് നടപ്പിലാക്കുന്നത്. സ്കൂളിലെ പി.ടി.എ , അദ്ധ്യാപകർ, മറ്റു സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവരുമായി സ്കൂളിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്തതിനു ശേഷം വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് നിർമ്മാണം ആരംഭിക്കുക. 

Below Post Ad