കൂറ്റനാട്: തൃത്താല മേഖലയിൽ ലഹരി കടത്ത് കേസുകൾ കൂടുന്നു. ചാലിശ്ശേരി, തൃത്താല പോലീസ് സ്റ്റേഷനുകൾക്കുകീഴിൽ മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരികടത്ത് കേസുകൾ ഏറെ കൂടുന്നു. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ലഹരിവിൽപ്പന ഏറെയെന്ന് അധികൃതർ പറയുന്നു. മേഖലയിലെ ഏക എക്‌സൈസ് റേഞ്ച് ഓഫീസ് നാഗലശ്ശേരി പഞ്ചായത്തിലെ വാവനൂരിലാണ്. ആനക്കര, കപ്പൂർ, പട്ടിത്തറ, തൃത്താല, തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളാണ് പ്രവർത്തനപരിധി.
കോവിഡ് അടച്ചുപൂട്ടലിൽ ലഹരി കേസുകൾ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ കേസുകളിൽ വലിയ വർധന ഉണ്ടായെന്ന് അധികൃതർ പറയുന്നു. ഈ കാലത്ത് 70 അബ്ക്കാരിക്കേസുകളെടുത്തു. 8.5 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ.യും പിടിച്ചെടുത്തു. മറ്റ് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട് 22 കേസുകളും തൃത്താല എക്‌സൈസ് ചാർജ് ചെയ്തിട്ടുണ്ട്. അളവിൽക്കൂടുതൽ മദ്യം സൂക്ഷിച്ചതിന് 11 കേസുകളെടുത്തു. 267 ലിറ്റർ മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 800 ലിറ്റർ വാഷ് നശിപ്പിച്ചു.
2.7 കിലോഗ്രാം കഞ്ചാവും എക്‌സൈസ് പിടികൂടി. ലഹരി കടത്തുന്നതിനിടെ ആറ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
തൃത്താലയോട് തൊട്ടുകിടക്കുന്ന തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവ്, മലപ്പുറം ജില്ലയിലെ എടപ്പാൾ, ചങ്ങരംകുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികളെയും പ്രദേശത്തെ ചെറുപ്പക്കാരെയും ഉപയോഗിച്ച് വലിയതോതിലാണ് ലഹരിവ്യാപാരം. ചാലിശ്ശേരി, കൂറ്റനാട്, തൃത്താല, കറുകപുത്തൂർ, കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതൽ ലഹരിവസ്തുക്കൾ എത്തുന്നുണ്ട്.
ചാലിശ്ശേരിയിൽനിന്ന് 19-23 പ്രായപരിധിയിലുള്ള 10 യുവാക്കളുടെപേരിൽ കഴിഞ്ഞ നാലുമാസത്തിനിടെ കേസെടുത്തിട്ടുണ്ട്. കുമരനല്ലൂർ, കക്കാട്ടിരി, കപ്പൂർ സ്വദേശികളായ മൂന്നുപേരെ റെയിൽവേ പോലീസ് ഒരാഴ്ചമുമ്പാണ് ഒറ്റപ്പാലത്തുനിന്ന് കഞ്ചാവുസഹിതം പിടികൂടിയത്. മാരക മയക്കുമരുന്നുമായി കൂറ്റനാട് സ്വദേശികളായ രണ്ടുയുവാക്കളെയും ഒരാഴ്ചമുമ്പ് തൃത്താല എക്‌സൈസ് പിടികൂടി.
പെരുമ്പിലാവിൽനിന്ന് മയക്കുമരുന്നുമായി പിടിയിലായ അന്യസംസ്ഥാനക്കാർക്ക് തൃത്താലയിലെ ലഹരി വിൽപ്പനക്കാരുമായി ബന്ധങ്ങളുണ്ടെന്ന് അധികൃതർ പറഞ്ഞു. പരമാവധി ബോധവത്‌കരണ പരിപാടികളുമായി ജനങ്ങളോടൊപ്പംനിന്ന് പ്രവർത്തിക്കാൻ ശ്രമിക്കാറുണ്ടെന്ന് തൃത്താല ഇൻസ്‌പെക്ടർ എൻ. നൗഫൽ പറഞ്ഞു.