പാലക്കാട്: സി.പി.എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊലയാളി സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽനിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽനിന്നുമാണ് പിടികൂടിയത്.
ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കേസ് അന്വേഷിക്കാൻ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജുവാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. സംഘത്തിൽ 20 പേരുണ്ട്. കേസിൽ എട്ടു പ്രതികളാണുള്ളത്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാജഹാൻ വധം: കൊലയാളി സംഘത്തിൽപെട്ട ഒരാളെ പട്ടാമ്പിയിൽ നിന്നും പിടികൂടി
ഓഗസ്റ്റ് 16, 2022