അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ ആർ ടി ഒ അന്വേഷണം


 

കൂറ്റനാട് : ചാലിശ്ശേരിയിൽ അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആ‍ർടിഒ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ആർടിഒ അറിയിച്ചു.

'രാജപ്രഭ' ബസിൽ നിന്ന് നേരത്തെയും പല തവണ സമാന അനുഭവം നേരിട്ടതായി യുവതി വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ ചാലിശ്ശേരി പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തെന്ന് ആരോപിച്ചാണ് സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര സ്വകാര്യബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്.

പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന 'രാജപ്രഭ' ബസിനെതിരേയായിരുന്നു യുവതിയുടെ പ്രതിഷേധം. ബസ് തന്റെ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാൻ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവർ വാഹനമോടിച്ചതെന്നു മായിരുന്നു  പരാതി.

പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പിൽ നിർത്തിയപ്പോളാണ് യുവതി സ്കൂട്ടർ മുന്നിൽനിർത്തി ബസ് തടഞ്ഞത്. തുടർന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നാണ് സാന്ദ്ര പറയുന്നത്. ബസ് തടഞ്ഞ് സംസാരിക്കുന്നതിനിടെയും ബസ് ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. 


Below Post Ad