അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഓടി; പിന്നാലെ ഓടി നാട്ടുകാർ പിടികൂടി, പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്


 

കൊളത്തൂർ : കൊളത്തൂരിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ബൈക്ക് യാത്രികന്റെ ശ്രമം. അപകടത്തിൽ ഏറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികൻ ഓടിയത്. പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു.

 എന്നാൽ ഓടിയതിന്റെ കാരണം മനസ്സിലായത് കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ പരിശോധിച്ചപ്പോഴാണ്. കവറിൽ ഉണ്ടായിരുന്നത് കഞ്ചാവായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്. 

കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിർ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

 അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്ന് കരുതി പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവർ പരിശോധിച്ചത്. കൊളത്തൂർ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.


Tags

Below Post Ad