തൃശൂരിനെ ആവേശത്തിലാഴ്‌ത്തി പുലികളി. അഞ്ചു സംഘങ്ങളിൽനിന്നായി ഇരുന്നൂറ്റമ്പതിൽപ്പരം പുലികളാണ് സ്വരാജ് റൗണ്ടിൽ ചുവടുവെച്ചത്. പുലികളിക്കൊപ്പം വിസ്മയക്കാഴ്ചയൊരുക്കിയ നിശ്ചല ദൃശ്യങ്ങളെ ഹർഷാരാവത്തോടെ ജനം എതിരേറ്റു.
ആശയങ്ങളുടെ വൈവിധ്യം കൊണ്ടും കരവിരുതിന്റെ മികവും കൊണ്ടും നിശ്ചല ദൃശ്യങ്ങൾ ഒന്നിനൊന്ന് മികച്ചു നിന്നു. സമകാലിക പ്രശ്നങ്ങൾ മുതൽ പുരാണ ദൃശ്യങ്ങൾവരെ നിശ്ചലദൃശ്യങ്ങൾക്ക് വിഷയമായി. ദീപാലങ്കാരം നിശ്‌ചല ദൃശ്യത്തെ കൂടുതൽ ആകർഷകമാക്കി.
കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനം വഴി കോവിഡിനെ വിദഗ്‌ധമായി പ്രതിരോധിച്ചത് ആവിഷ്‌ക്കരിച്ച കാനാട്ടുകര ദേശത്തിന്റെ ടാബ്ലോ കരഘോഷത്തോടെയാണ് ജനം ഏറ്റുവാങ്ങിയത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ ഭയപ്പെടരുത് ഞങ്ങളൊപ്പമുണ്ട് എന്ന ആരോഗ്യ പ്രവർത്തകരുടെ സന്ദേശം ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതായി.