കുന്ദംകുളം : ചങ്ങരംകുളം ഒതളൂരിൽ മുങ്ങി മരിച്ച അമ്മക്കും മകളൾക്കും ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മൃതദേഹങ്ങൾ സ്വദേശമായ കാണിപ്പയ്യൂരിലെത്തിച്ചപ്പോൾ ദുഖമടക്കാനാവാതെ കടുംബാംഗങ്ങളും നാട്ടുകാരും വിതുമ്പി..കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.
ഒതളൂർ മേലേപ്പുരയ്ക്കൽ ഷൈനി വിവാഹംകഴിഞ്ഞ് പോയശേഷം എപ്പോൾ സ്വന്തംവീട്ടിലേക്ക് വന്നാലും കുട്ടികളുമായി വയലുകാണാനും കളിക്കാനുമെല്ലാം പാടത്തേക്ക് പോകുന്നത് പതിവാണ്.
ശനിയാഴ്ചയും ഇതുപോലെ പാടത്തേക്ക് പോയതാണ് ഷൈനിയും മൂത്തമകൾ ആദിത്യയും മരിച്ച ആശ്ചര്യയും ഷൈനിയുടെ സഹോദരങ്ങളുടെ മക്കളുമടങ്ങുന്നവർ. കളിക്കുന്നതിനിടയിൽ ആശ്ചര്യ വെള്ളത്തിൽ പോയപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ച ഷൈനിയും അപകടത്തിൽപ്പെട്ടതാവുമെന്നാണ് നിഗമനം.
കണ്ടുകൊണ്ടുനിന്ന മൂത്തകുട്ടിയും മറ്റുള്ളവരും നിലവിളിച്ച് ആളുകളെക്കൂട്ടി ഇവരെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചു. കൺമുന്നിൽനിന്ന് അമ്മയും സഹോദരിയും മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയതിന്റെ ഞെട്ടലിലാണ് 18-കാരിയായ ആദിത്യ.
മേലേപ്പുരയ്ക്കൽ പരേതനായ കൃഷ്ണൻകുട്ടിക്ക് ആറു മക്കളാണുള്ളത്. ഷൈനിയെക്കൂടാതെ സുരേഷ്ബാബു, സതീശൻ, മനോജ്, ഷൈലജ, ഷൈമ എന്നിങ്ങനെ അഞ്ചുപേരും കൂടിയുണ്ട്. ഷൈനിയുടെ ഭർത്താവ് വിദേശത്താണ്.
രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ഇന്ന് രണ്ടരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കുന്നംകുളം കാണിപയ്യൂരിലെത്തിച്ചത്.തുടർന്ന് തിരുവില്ലാമല പാമ്പാടിയിൽ സംസ്ക്കരിച്ചു