ദോഹ: ഇന്ത്യയിൽനിന്ന് വൻ റിക്രൂട്ട്‌മെന്റിനൊരുങ്ങി ഖത്തർ എയർവേസ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്കും തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈന്‍ അപേക്ഷയ്ക്കു പുറമെ ഇന്ത്യയില്‍ പ്രത്യേകമായും റിക്രൂട്ട്‍മെന്‍റ് ഡ്രൈവ് നടത്തുന്നുണ്ട്.
ഖത്തർ എയർവേസിനു പുറമെ കമ്പനിയുടെ ഉപവിഭാഗങ്ങളായ ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവിസസ്, ഖത്തർ എയർവേസ് കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ദിയാഫതിന ഹോട്ടൽസ് എന്നിവയിലേക്കാണ് കമ്പനി കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്. പാചകം, കോർപറേറ്റ്-കമേഴ്‌സ്യൽ, മാനേജ്‌മെന്റ്, കാർഗോ, കസ്റ്റമർ സർവിസ്, എൻജിനീയറിങ്, ഫ്‌ളൈറ്റ് ഓപറേഷൻസ്, ഗ്രൗണ്ട് സർവിസസ്, സേഫ്റ്റി-സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫിസ്, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ്, ഫിനാൻസ് എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന വിഭാഗങ്ങൾ.
ഇന്ത്യയിൽ പ്രത്യേകമായി റിക്രൂട്ട്‌മെന്റ് ഡ്രൈവും നടത്തുന്നുണ്ട് കമ്പനി. ഡൽഹിയിൽ ഈ മാസം 16നും 17നുമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മുംബൈയിൽ 29നും 30നും റിക്രൂട്ട്‌മെന്റ് നടക്കും. ഖത്തർ എയർവേസിന്റെ വെബ്‌സൈറ്റിലുള്ള കരിയർ പേജിൽ https://www.qatarairways.com/en/careers/global-recruitment.html എന്ന ലിങ്കിൽ ഓൺലൈനായും അപേക്ഷിക്കാം.
ഉപയോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വലിയ തോതിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബകർ പറഞ്ഞു. ഖത്തർ എയർവേസിന് ഇന്ത്യയുമായി എപ്പോഴും പ്രത്യേക ബന്ധമാണുള്ളത്. ഖത്തർ എയർവേസ് കുടുംബത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ ഞങ്ങൾ ക്ഷണിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറു തവണ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ട വിമാന കമ്പനിയാണ് ഖത്തർ എയർവേസ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നികുതിരഹിത വരുമാനമായിരിക്കും ലഭിക്കുക. ഇതോടൊപ്പം താമസം സൗജന്യമായിരിക്കും. മറ്റ് അലവൻസുകളും ലഭിക്കും.