ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി സാന്ദ്രയുടെ ബസുകളുടെ മത്സര ഓട്ടത്തിനെതിരെയുള്ള ഒറ്റയാൾ പ്രതിഷേധം ഫലം കണ്ടു.പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും തടയാൻ സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്റെ അമിത വേഗം കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര ചോദ്യം ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് നടപടിയുമായി മോട്ടാർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
സെപ്തംബർ 6ന് രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശി സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത്. സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു.
എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു.
വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. രാജപ്രഭ ബസിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായതായി സാന്ദ്ര
സംഭവം നവ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർടിഒ നടപടി എടുത്തിരുന്നു. ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബസ്, ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിരുന്നു.