കൂറ്റനാട് : ഒരിടവേളയ്ക്കുശേഷം കൂറ്റനാട്ടെയും തൃത്താലയിലെയും ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ് കള്ളന്മാർ. കൂറ്റനാട്, വാവനൂർ, മാട്ടായ തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കകം ആറുവീടുകളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. അടഞ്ഞുകിടക്കുന്ന വീടുകളെ ലക്ഷ്യമാക്കിയാണ് കള്ളന്മാർ രാത്രിയിലെത്തുന്നത്.
മൂന്നുദിവസംമുമ്പാണ് കൂറ്റനാട് സെന്ററിനടുത്തുള്ള ഉല്ലാസ് നഗറിലെ പൂക്കരവളപ്പിൽ ഷരീഫ്, വലിയവളപ്പിൽ നാസർ, മണ്ണാട്ടുകുളങ്ങര റസാഖ് എന്നിവരുടെ വീടിന്റെ വാതിലും മറ്റും നശിപ്പിച്ച് കള്ളൻ അകത്തുകടന്നത്. ഞായറാഴ്ച പകൽ കോരല്ലൂരിലുള്ള മകളുടെ വീട്ടിലേക്കുപോയ സമയത്ത് വാവനൂരിലെ കണിച്ചിറക്കൽ മുഹമ്മദിന്റെയും അടുത്തു താമസിക്കുന്ന മകൻ മുഹമ്മദാലിയുടെയും വീടുകളിലും കള്ളൻകയറി.
മുഹമ്മദാലിയുടെ വീട്ടിൽനിന്ന് 15,000 രൂപ നഷ്ടപ്പെട്ടു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മൂന്നാഴ്ചമുമ്പ് വാവനൂർ സെന്ററിലുള്ള ഒരുവീട്ടിലും തിങ്കളാഴ്ച തൃത്താല മാട്ടായയിലെ പ്രമോദ്‌ദാസിന്റെ വീട്ടിലും കള്ളൻകയറി. മോഷണം നടന്ന വീടുകളിൽ തൃത്താല പോലീസെത്തി പരിശോധന നടത്തി.
ജനങ്ങളുടെ ഉറക്കം കെടുത്തി തൃത്താല മേഖലയിൽ കള്ളന്മാർ വിലസുന്നു
സെപ്റ്റംബർ 13, 2022