പാലത്തറ - അഞ്ചുമൂല ഗേറ്റ് റോഡ് പുതുക്കിപണിയാൻ 3 കോടി 11 ലക്ഷത്തി അമ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ച വിവരം മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും പൂർത്തീകരിച്ച് ഡിസംബർ 10 നു ശേഷം പ്രവൃത്തി ആരംഭിക്കും. റോഡിൽ കാലാകാലങ്ങളായി വെള്ളക്കെട്ടുള്ള ഭാഗങ്ങൾ ഏകദേശം ഒരു കിലോമീറ്റർ ദൂരം ഇന്റർലോക്ക് ചെയ്യാനും ബാക്കി ഭാഗം BM&BC ചെയ്യാനും റോഡിനു കുറുകെയുള്ള കൾവർട്ടുകൾ പുതുക്കിപ്പണിയൽ, അഴുക്കുചാലുകളുടെ നവീകരണം, ഐറിഷ് ഡ്രൈൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഈ റോഡ് തകർന്നത് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമല്ല, അതിനുമെത്രയോ വർഷം മുൻപ് തന്നെ റോഡ് തകർന്ന് കിടക്കുകയാണ്. തൊട്ടപ്പുറത്തെ മണ്ഡലമായ പട്ടാമ്പിയിലൂടെ പോകുന്ന ഇതേ റോഡിന്റെ ഭാഗം മനോഹരമായി നേരത്തെ തന്നെ പണി പൂർത്തിയാക്കിയിട്ടുള്ളതുമാണ്. എന്നാൽ അന്നൊന്നും ഇത് കണ്ടില്ലെന്ന് നടക്കുകയും 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം' എന്ന് വാഴ്ത്തുകയും ചെയ്ത ചിലരാണ് കഴിഞ്ഞ ഒരു വർഷമായി സമരവും കോലാഹലവും പ്രതിഷേധ നാടകങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നത്.
ഒരു പക്ഷേ 2021 ലെ തെരഞ്ഞെടുപ്പ് വരെ സമരം ചെയ്യാൻ പറ്റാത്തതിന്റെ ശ്വാസംമുട്ടൽ തീർത്തതായിരിക്കാം. എന്തായാലും അവരെല്ലാം ജാള്യം മറച്ച് ഉടൻ പിരിഞ്ഞു പോകേണ്ടതാണ്. ഇനി മറ്റേതെങ്കിലും വിഷയം സമരം ചെയ്യാൻ കണ്ടുപിടിക്കേണ്ടതുമാണെന്നും സമരം ചെയ്തവരെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു