പാലക്കാട്: പുതിയ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് 5.30-ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണിരാജു ഉദ്ഘാടനംചെയ്യും. ഷാഫിപറമ്പിൽ എം.എൽ.എ. അധ്യക്ഷനാവും.
എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 8.1 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം ഉൾപ്പെടെയുള്ള ബസ് ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കിയത്.
ടെർമിനലിലെ വാണിജ്യയിടം (കമേഴ്ഷ്യൽ സ്പേസ്) ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഓഫീസ് ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഷീ സ്പേസ് ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നിർവഹിക്കും.
സ്റ്റേഷൻമാസ്റ്റർ ഓഫീസ്, റിസർവേഷൻ കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിക്കും. എം.പി.മാരായ രമ്യാഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുക്കും.