സൈക്കിൾ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ച് തെറിച്ചുവീണ വിദ്യാർത്ഥി മരിച്ചു


 

മലപ്പുറം: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15) ആണ് മരിച്ചത്. 

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കൽപകഞ്ചേരി ജി വി എച്ച് എസ് സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിഷേക്.


സ്‌കൂളിൽ നിന്നു വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

 മൃതദേഹം തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: വിജയലക്ഷ്മി. സഹോദരി :അക്ഷയ

Below Post Ad