തൃത്താലയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പ്പോരാളിയായിരുന്ന വി എം ബാലൻ മാസ്റ്റർ അന്തരിച്ചു.
തൃത്താലയിൽ കമ്യൂണിസ്‌റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ ബാലൻ മാസ്റ്റർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തലമുതിർന്ന പ്രവർത്തകനായിരുന്നു. ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഏറെക്കാലം അദ്ദേഹം നേതൃത്വം നൽകി.
സിപിഐഎമ്മിന്റെ തൃത്താല ഏരിയയിലെ സംഘാടകനും നേതാവുമായി ദശാബ്ദങ്ങളോളം പ്രവർത്തിച്ചു. പാർട്ടി പട്ടാമ്പി താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. 1982 ൽ താലുക്ക് കമ്മിറ്റി വിഭജിച്ച് തൃത്താല ഏരിയാ കമ്മിറ്റി രൂപീകരിച്ച കാലം മുതൽ ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 2004 മുതൽ പട്ടിത്തറ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ച സഖാവ് നിലവിൽ പട്ടിത്തറ ബ്രാഞ്ചംഗമായിരുന്നു.
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നപ്പോൾ പ്രസിഡന്റായി. തൃത്താലയിൽ കാർഷിക മുന്നേറ്റമുണ്ടാക്കുന്ന നിരവധി പദ്ധതികൾ സംസ്ഥാനത്തിനാകെ മാതൃകയായി നടപ്പിലാക്കി.
വായനശാലകളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതി ഉപയോഗിച്ച് പുസ്തകങ്ങളും കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളും നൽകി. പേപ്പട്ടികളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പദ്ധതിയായ സീറോ റാബിസ് ശ്രദ്ധേയമായിരുന്നു.
പട്ടിത്തറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.
പാലക്കാട് ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഊടുംപാവും നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച ബാലൻ മാസ്റ്റർ ലൈബ്രറി കൗൺസിൽ നിലവിൽ വന്ന കാലം മുതൽ ഒറ്റപ്പാലം താലൂക്ക് കൗൺസിൽ സെക്രട്ടറിയായിരുന്നു. മികച്ച ലൈബ്രറി പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ബാലൻ മാസ്റ്ററുടെ വിയോഗത്തിൽ മന്ത്രി എം.ബി രാജേഷ് ദുഃഖം രേഖപ്പെടുത്തി. സമൂഹത്തിന്റെ നാനാ മേഖലകളെയും സ്പർശിച്ച സക്രിയമായ ജീവിതമായിരുന്നു ബാലൻ മാസ്റ്ററുടെതെന്ന് മന്ത്രി പറഞ്ഞു.