ദോഹ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി പറങ്കികൾ നടത്തിയ പടയോട്ടത്തിൽ തകർന്ന് സ്വിറ്റ്സർലൻഡ്.
ലൂസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് പ്രതിരോധം തകർത്ത് പോർച്ചുഗൽ ഖത്തർ ക്വാർട്ടറിലെത്തി.
ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടവും 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി. മത്സരത്തിന്‍റെ 17, 51, 67 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. പോർച്ചുഗലിനായി പെപ്പെ (33), റാഫേല്‍ ഗുരെയിരോ (55), റാഫേൽ ലിയോ (90+2) എന്നിവരും വലകുലുക്കി. സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ഗോൾ മാനുവൽ അകാൻജിയുടെ (58) വകയായിരുന്നു.
ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.