ഇംഗ്ലണ്ടിനെ 2-1ന് കടന്ന് ഫ്രാൻസ് സെമിയിൽ, ദുരന്ത നായകനായി ഹാരി കെയിൻ, ഫ്രാൻസ്- മൊറോക്കോ സെമി
സമാനതകളില്ലാത്ത പോരാട്ടവും സുവർണ നിമിഷങ്ങളുമേറെ കണ്ട മൈതാനത്ത് ഇംഗ്ലീഷ് സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് ഫ്രഞ്ചുപട. ഇരുവശങ്ങളിലും ഗോളിമാർ നന്നായി വിയർത്ത ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോൾ ജയവുമായാണ് ഫ്രാൻസ് കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തത്.
സെമിയിൽ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ഫ്രാൻസിന് എതിരാളി. ഷൂമേനിയും ജിറൂദും ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ പെനാൽറ്റി വലയിലെത്തിച്ച് ഹാരി കെയിനാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കുറിച്ചത്. നിർണായക ഘട്ടത്തിൽ ഒരു പെനാൽറ്റി ഗാലറിയിലേക്ക് അടിച്ച് കെയിൻ ടീമിന്റെ ദുരന്തനായകനുമായി.