കൂറ്റനാട് : കൂറ്റനാട് സെന്ററിൽ പൊട്ടിയ പാവറട്ടി ശുദ്ധജലവിതരണപദ്ധതിയുടെ പൈപ്പ് ലൈൻ നന്നാക്കി. ജലവിതരണം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി
എട്ടോടെയാണ് കൂറ്റനാട് സെന്ററിൽ പൈപ്പ് ലൈൻ പൊട്ടിയത്.
നാലുദിവസത്തെ പ്രവൃത്തിക്കൊടുവിലാണ് തകരാറിലായ പൈപ്പ് മാറ്റിസ്ഥാപിച്ചത്. വ്യാഴാഴ്ചയോടെ പരീക്ഷണ ഓട്ടം നടത്തി കൂടുതൽ സുരക്ഷകളോടെയാണ് പമ്പിങ് തുടങ്ങിയത്. കാസ്റ്റൽ ഇരുമ്പു പൈപ്പുകൾക്കുപകരം ഡി.ഐ. പൈപ്പുകളാണ് താത്കാലികമായി സ്ഥാപിച്ചത്.
രണ്ടുവർഷംമുൻപ് കൂറ്റനാട് സെന്ററിൽ റോഡ് ഉയർത്തി നവീകരണം നടന്നതോടെ രണ്ടരമീറ്റർ വ്യാസമുള്ള കാസ്റ്റൽ ഇരുമ്പ് പൈപ്പുകളുടെ നാലുമീറ്ററിലധികം ഭാഗം റോഡിനടിയിൽ കുടുങ്ങിയതാണ് വിഷയം ഗൗരവമാക്കിയത്. ഇക്കാര്യം ശ്രദ്ധിക്കാതെയാണ് കൂറ്റനാട്-തൃത്താല റോഡിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചത്.45 വർഷത്തിലധികം പഴക്കമുള്ള പൈപ്പുകളാണുള്ളത്. ഇനിയും, ഏതുസമയവും പൊട്ടാമെന്ന അവസ്ഥയിലാണുള്ളത്.
കൂറ്റനാട് സെന്ററിൽ പൈപ്പ് പൊട്ടിയപ്പോൾ ആറ് വ്യാപാരസ്ഥാപങ്ങളിലേക്കും തൊട്ടടുത്ത വീടുകളിലേക്കും നിമിഷങ്ങൾക്കുള്ളിൽ വെള്ളം ഇരച്ചുകയറിയിരുന്നു. ജലവിഭവവകുപ്പ്, റവന്യൂവകുപ്പ്, പൊതുമരാമത്ത്, പോലീസ് എന്നിവരുടെ സംയുക്തമായ രക്ഷാപ്രവർത്തനവും കൂട്ടായ ശ്രമവും കൊണ്ടാണ് ജലവിതരണവും റോഡുഗതാഗതവും അധികംവൈകാതെ പൂർവസ്ഥിതിയിലാക്കാനായത്.
⭕ നഷ്ടമായത് ബസ് കാത്തിരിപ്പുകേന്ദ്രം :
എന്നാൽ, ലക്ഷങ്ങൾ ചെലവഴിച്ച് പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റേണ്ടിവന്നതും തൃത്താലറോഡിന്റെ 300 മീറ്ററിലധികം അടിഭാഗം മുഴുവനായും തകർന്നതും പൈപ്പുതകർച്ചയുടെഭാഗമായി സംഭവിച്ചതാണ്.
വേനൽക്കാലമായതുകൊണ്ട് റോഡിന് തത്കാലം വലിയ പ്രശ്‌നമുണ്ടാവില്ലെന്നാണ് നാട്ടുകാരുടെ ആശ്വാസം. എന്നാൽ, ടോറസ് പോലുള്ള ഭാരമേറിയ വാഹനങ്ങൾ ഈ ഭാഗത്തുകൂടെ കടന്നുപോകുമ്പോൾ വലിയകുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന് ആളുകൾ പറയുന്നു.
റോഡ് സുരക്ഷാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന റോഡിന്റെ വശങ്ങളിലുള്ള സ്ഥാപന ഉടമകളും വീട്ടുകാരും ആവശ്യപ്പെട്ടു.