രേഖകളില്ലാതെ കാറിൽ കടത്തിയ രണ്ട് കോടിയിലധികം രൂപ പിടികൂടി


 

പാലക്കാട് : വാളയാറിൽ രേഖകളില്ലാതെ കാറിൽ കടത്തിയ രണ്ട് കോടി ഇരുപത് ലക്ഷത്തി അറുപത്തി എട്ടായിരം രൂപ പിടികൂടി.

 കോയമ്പത്തൂർ ശെൽവപുരം സ്വദേശികളായ മോഹൻ കൃഷ്ണ ഗുപ്ത, വെങ്കടേഷ് എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണ വ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പിടിയിലായവരുടെ മൊഴി

രാവിലെ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു പണം പിടികൂടിയത്. മോഹന്‍ കൃഷ്ണ ഗുപ്തയും വെങ്കടേഷും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ സീറ്റില്‍ കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി. 

യാത്രാ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇരുവരും വ്യത്യസ്ത മൊഴി നല്‍കി. ബാഗിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. രണ്ട് കോടി ഇരുപത് ലക്ഷത്തി അറുപത്തി എട്ടായിരം രൂപ കണ്ടെത്തി. തൃശൂരില്‍ പതിവായി സ്വര്‍ണ വ്യാപാരത്തിനെത്തിയിരുന്നുവെന്നാണ് പിടിയിലായവരുടെ മൊഴി. 

ഒരുമാസത്തിനിടെ സമാന രീതിയില്‍ നാല് തവണ പണം കൊണ്ടുവന്നതായി ഇരുവരും പൊലീസിനോട് സമ്മതിച്ചു. കൃത്യമായ രേഖകളുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും പൊലീസ് അനുവദിച്ച സമയത്തിനുള്ളില്‍ ഹാജരാക്കാനായില്ല.

പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുഴല്‍പ്പണക്കടത്തിന്റെ സാധ്യതയും സംശയിക്കുന്നുണ്ട്. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുഴല്‍പ്പണക്കടത്തും തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Below Post Ad