തൃത്താല: വാഹനമിടിച്ച് പരിക്കേറ്റ് നടക്കാനാവാതെ റോഡില്‍ കിടന്ന കാട്ടു പന്നിക്ക് കൂട്ടായി ചുറ്റും തമ്പടിച്ച് പന്നിക്കൂട്ടം.
തൃത്താല കൂട്ടുപാത ഷൊർണൂർ റോഡിൽ വൈകീട്ട് ആറുമണിയോടെയാണ് റോഡ് മുറിച്ച് കടന്ന പന്നിയെ വാഹനമിടിച്ചത്. അമിത വേഗതിയിലെത്തിയ കാര്‍ പന്നിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നിക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ഇതോടെ അപകടം പറ്റിയ കാട്ടുപന്നിക്ക് ചുറ്റും ഒപ്പമുണ്ടായിരുന്ന കാട്ടുപന്നിക്കൂട്ടം കൂട്ടം കൂടി. മറ്റ് കാട്ടുപന്നികൾ ചേർന്ന് പരിക്കേറ്റ പന്നിയെ തള്ളി റോഡരികിലേക്ക് മാറ്റി. പിന്നാലെ, സമീപത്ത് തമ്പടിച്ചു.
പന്നിക്കുട്ടികളടക്കമുള്ള സംഘമാണ് പരിക്കേറ്റ പന്നിക്ക് കൂട്ടിരുന്നത്. ഈ കൗതുക കാഴ്ചകാണാൻ ആള് കൂടിയതോടെ കാട്ടുപന്നിക്കൂട്ടം മടങ്ങി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി.