പട്ടാമ്പി: പട്ടാമ്പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി വ്യാഴാഴ്ച നിർവഹിക്കും. പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 3.54 കോടി രൂപ ഫണ്ടിൽ നിർമിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ അങ്കണത്തിൽ നടക്കും.
പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, പ്രിൻസിപ്പൽ കെ. വിജയൻ, പി.ടി.എ. പ്രസിഡന്റ് പി.സി. ഷാനവാസ്, പ്രധ്യാനാധ്യാപിക ടി. രാധ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയിൽനിന്ന് മൂന്നുകോടി രൂപയും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് 54,39,554 രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
മൂന്ന് നിലകളിലായി ആറ് ക്ലാസ് മുറികൾ, രണ്ട് സ്റ്റാഫ് മുറികൾ, രണ്ട് ശൗചാലയം, കംപ്യൂട്ടർ ലാബ്, ഹാൾ, അടുക്കള തുടങ്ങിയവയാണ് ഹൈസ്കൂൾ കെട്ടിടത്തിലുള്ളത്. ഹയർസെക്കൻഡറി കെട്ടിടത്തിൽ ഓഡിറ്റോറിയം, കംപ്യൂട്ടർ ലാബ്, ക്ലാസ് മുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുണ്ട്.