പാലക്കാട് : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ പണവും സ്വർണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ .വടക്കാഞ്ചേരി സ്വദേശി ഷനാസ് ആണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്.
ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയുമായി ഫേസ്ബുക്കിലൂടെ ഷനാസ് ബന്ധം സ്ഥാപിക്കുകയായിരുന്നു .
തുടർന്ന് ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പലപ്പോഴായി ഷനാസിന് യുവതി അയച്ചു കൊടുത്തിരുന്നു .തുടർന്ന് യുവതിയിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് എന്നപേരിൽ ഷനാസ് പണവും സ്വർണവും കൈപ്പറ്റി.
പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോൾ ഷനാസുമായുള്ള ബന്ധം യുവതി ഉപേക്ഷിക്കുകയായിരുന്നു .എന്നാൽ ഷനാസ് യുവതിയുടെ പിന്നാലെ കൂടി കൈവശമുണ്ടായിരുന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും അയച്ച് കൊടുത്തു. ഇതോടെ യുവതി പൂർണ്ണമായും ഷനാസിൽ നിന്ന് അകലം പാലിച്ചു .
ഇതിൽ പ്രകോപിതനായ ഷനാസ് യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു .കഴിഞ്ഞ ദിവസം പ്രതി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കാത്തു നിന്നു.ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയെ പിടിച്ച് നിർത്തി .തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു .
ഇതിനിടയിൽ 8000 രൂപ വിലവരുന്ന യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു .തുടർന്ന് യുവതി ഇയാൾക്കെതിരെ നോർത്ത് പോലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയെ തുടർന്ന് ഷനാസിനെ അറസ്റ്റ് ചെയ്തു .കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു .
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ പണവും സ്വർണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ.
ജനുവരി 20, 2023
Tags