തിരുവനന്തപുരം: വരുമാന വർധനക്ക് കടുത്ത നടപടികൾ പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വരുമാന വർധനക്ക് ലഭ്യമായ എല്ലാ സാധ്യതയും ധനമന്ത്രി തേടുമെന്നാണ് സൂചന. ക്ഷേമ-വികസന മേഖലകളിൽ കൂടി ശ്രദ്ധ വെച്ച് ജനപ്രിയമാക്കാനും ശ്രമമുണ്ടാകും.
സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലാണെന്ന നിഗമനങ്ങളാണ് ആസൂത്രണ ബോർഡ് തയാറാക്കിയ സാമ്പത്തികാവലോകനം മുന്നോട്ടുവെക്കുന്നത്.
ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിൽ ഉണ്ടാകുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവരെയും കൂട്ടിച്ചേർത്ത് കേരളത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്‍റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ നടപടി സംസ്ഥാനത്തെ ജനങ്ങൾ കൂടി മനസിലാക്കേണ്ടതാണ്. ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്ത ഭാരം എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ബജറ്റ് ഇന്ന്; കടുത്ത നടപടികൾക്ക് സാധ്യത
ഫെബ്രുവരി 03, 2023