മലമൽക്കാവ് സ്ഫോടനം: വീട്ടുടമക്കെതിരെ തൃത്താല പോലീസ് കേസെടുത്തു.


 

മലമൽക്കാവ് : ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കോപ്പുകൾ വീട്ടിൽ സൂക്ഷിക്കുകയും അപകടം വരുത്തുകയും ചെയ്തതിന് ആനക്കര മലമൽക്കാവ് സ്വദേശി കുന്നുമ്മേൽ പറമ്പ് പ്രഭാകരനെതിരെ തൃത്താല പോലീസ് കേസെടുത്തു.


ഞായറാഴ്ച രാത്രി എട്ടരമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഭാകരന്റെ വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകൾ ഉഗ്ര ശബ്ദത്തോടെയും ഭൂമി കുലുക്കത്തോടെയും പൊട്ടിത്തെറിക്കുകയായിരുന്നു.

 സ്ഫോടനത്തിൽ വീട്ടുകാരായ പ്രഭാകരന്റെ ഭാര്യ ശോഭന (55), മരുമകൾ വിജി (30), മക്കളായ സച്ചു (9), സനു (5) എന്നിവർക്കും അയൽവാസിയായ സതി (50) എന്നിവർക്കും പരിക്കേറ്റു. 

തുടർന്ന് ഇവരെ  എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അത്ഭുതകരമായാണ് വീട്ടുകാർ രക്ഷപ്പെട്ടത്. മലമൽക്കാവ് ക്ഷേത്രത്തിലെ വെടിമരുന്ന് വഴിപാട് നടത്തുന്ന ആളാണ് പ്രഭാകരൻ. സ്ഫോടനത്തിൽ അടുത്തുള്ള നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 

ഏകദേശം പത്ത് കിലോ മീറ്ററോളം ചുറ്റളവിൽ പ്രകമ്പനം ഉണ്ടായി. അപകടത്തിൽ പ്രഭാകരന്റെ വീട് പൂർണ്ണമായും തകർന്നു. 

അപകട വിവരം അറിഞ്ഞ് പട്ടാമ്പി ഫയർഫോഴ്സ്, തൃത്താല പോലീസ്,  ഡിവൈഎസ്പി, തഹസിൽദാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.  തൃത്താല പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Below Post Ad