ന്യൂഡൽഹി: 'ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ' ഉൾപ്പെടാത്ത എല്ലാ പെർമനന്‍റ് അക്കൗണ്ട് നമ്പറുകളും (പാൻ) മാർച്ച് 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ്.
2017 മേയിൽ കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് അസം, ജമ്മു കശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 1961ലെ ആദായനികുതി നിയമം പ്രകാരം പ്രവാസിയായിരിക്കുന്നവർ, കഴിഞ്ഞ വർഷം 80 വയസ്സ് തികഞ്ഞവരോ അതിൽ കൂടുതൽ പ്രായമുള്ളവരോ, ഇന്ത്യൻ പൗരർ അല്ലാത്തവർ എന്നിവരാണ് ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നത്.
പാൻ പ്രവർത്തനരഹിതമായാൽ അതുപയോഗിച്ച് വ്യക്തിക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനോ ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ പൂർത്തിയാക്കാനോ സാധിക്കില്ല. ഉയർന്ന നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യും.