പാലക്കാട്∙ സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം വീട്ടിൽനിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവാവും സഹായികളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്നാണ് ബൈജുവിന്റെ മൊഴി. പാലക്കാട് ഹേമാംബിക നഗർ പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബൈജു വീട്ടുകാരുമായി ചേർച്ചയിലായിരുന്നില്ല. വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോയതിനു പിന്നാലെയാണ് കവർച്ച നടത്തിയത്.
സഹോദരിയെ ഫോണിൽ വിളിച്ച് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കി. മടങ്ങി വരുന്ന സമയം ചോദിച്ചറിഞ്ഞു. വൻ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഓട് പൊളിച്ച് വീടിനുള്ളിൽ കയറിയായിരുന്നു കവർച്ച.
അലമാരകൾ കുത്തിത്തുറന്ന് സ്വർണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി. വസ്ത്രങ്ങൾ ഉൾപ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെട്ടു.