മലമക്കാവിൽ വിലക്ക് മറികടന്ന് അനധികൃത ചെങ്കല്‍ ഖനനം; പ്രതിരോധിച്ച് സ്ത്രീകൾ രംഗത്ത്.



ആനക്കര മലമല്‍ക്കാവിലാണ് അനധികൃത ചെങ്കൽ ഖനനത്തിനെതിരെ സഹികെട്ട് സ്ത്രീകൾ രംഗത്തിറങ്ങിയത്. ജിയോളജി, റവന്യൂ വകുപ്പുകളെ തെറ്റിദ്ധരിപ്പിച്ച് അനുമതിപത്രം വാങ്ങിയാണ് സ്വകാര്യവ്യക്തി ഖനനം നടത്തുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

നാട്ടുകാര്‍ നല്‍കിയ പരാതിപ്രകാരം പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് ഖനനം നിര്‍ത്തിവക്കാന്‍ ഉത്തരവിട്ടിരുന്നു. അതിനിടെ ചെങ്കൽ ഉടമകള്‍ നാട്ടുകാരുടെ അനുമതിയുണ്ടെന്ന് രേഖയുണ്ടാക്കി ഹൈകോടതിയില്‍ നിന്നും ഖനനാനുമതി നേടിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പൊലീസ് സംരക്ഷണം ഉപയോഗിച്ച് ഖനനം നടത്താന്‍ ശ്രമിക്കവെ നാട്ടുകാര്‍ കഴിഞ്ഞ മാസം ഖനനം തടഞ്ഞിരുന്നു. ജിയോളജി വകുപ്പും ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ അറിയിച്ചിരുന്നു. 




ഉടമ നൽകിയ രേഖകള്‍ വ്യാജമാണെന്ന് നാട്ടുകാർ ഹൈകോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ഹൈകോടതി കീഴ്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി നിലനിര്‍ത്താന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

ഉത്തരവ് നിലവിലുള്ളപ്പോഴാണ് ശനിയാഴ്ച വീണ്ടും ഖനനം തുടങ്ങിയത്. നാട്ടുകാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെ ഖനനം നിര്‍ത്തിവെക്കാന്‍ തൃത്താല സി.ഐ ആവശ്യപ്പെട്ടു. എന്നാല്‍, അതൊന്നും വകവെക്കാതെ ചെങ്കല്‍ കയറ്റാനുള്ള നീക്കമാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ തടഞ്ഞത്.


Below Post Ad