പട്ടാമ്പി: വിളയൂർ കണ്ടേങ്കാവിൽ കാറിൽ കടത്തിക്കൊണ്ടുവന്ന എട്ടുകിലോഗ്രാം കഞ്ചാവും ആറുഗ്രാം മെത്താഫിറ്റമിനും എക്സൈസ് പിടികൂടി. കണ്ടേങ്കാവ് ചിറത്തൊടി വീട്ടിൽ സഹദിനെ (47) അറസ്റ്റുചെയ്തു.
പാലക്കാട്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ടീമുകളും എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡും പട്ടാമ്പി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
സഹദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് കഞ്ചാവും മെത്താഫിറ്റമിനും കണ്ടെത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. മലപ്പുറം ഐ.ബി. ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, പാലക്കാട് ഐ.ബി. ഇൻസ്പെക്ടർ നൗഫൽ, കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ, പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹാരിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.