ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് സുബൈർ ഹുദവി ജിദ്ദയിൽ നിര്യാതനായി. 48 വയസായിരുന്നു. ഹൃദയഘാതം മൂലമാണ് മരണം.
സഊദി നാഷണൽ കമ്മിറ്റി അംഗവും നാഷണൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. ജിദ്ദയിലെ കന്തറയിലെ താമസ സ്ഥലത്ത്
വെച്ചായിരുന്നു മരണം. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.
അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ചെയ്യണമെന്ന് എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി അബ്ദുർ റഹ്മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു
സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് സുബൈർ ഹുദവിയുടെ വിയോഗത്തിൽ ഞെട്ടലിലാണ് ജിദ്ദയിലെ പ്രവാസി സമൂഹം. ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് സുബൈർ ഹുദവി മരിച്ചത്. ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സുബൈർ ഹുദവിയുടെ വാട്‌സ്ആപ്പ് പിന്നീട് നിശബ്ദമായിരുന്നു. സുഹൃത്തുക്കൾ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് പോലീസിന്റെ സഹായത്തോടെ സുഹൃത്തുക്കളാണ് വീട്ടിലെത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി കരുതുന്നു. സുബൈർ ഹുദവി സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി അംഗമായും സൗദി നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്ന നേതാവാണ്. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നേരത്തെ ദുബായ് കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.
.