തൃത്താല മണ്ഡലം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പട നയിച്ച നായകനായിരുന്നു ചന്ദ്രേട്ടൻ ; എം.ബി.രാജേഷ്


 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചവർ മത്സരിക്കേണ്ടതില്ല എന്ന വ്യവസ്ഥയിൽ  ഇളവ് അനുവദിച്ച് ഞാൻ തൃത്താലയിൽ മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചപ്പോൾ അത് ഏറ്റവും ഉചിതമായ തീരുമാനം എന്നു പറഞ്ഞ് ഏറ്റവും ആവേശത്തോടെ സ്വീകരിച്ചത് ചന്ദ്രേട്ടനാണ്.

അന്ന് ചന്ദ്രേട്ടൻ പറഞ്ഞു, 'മലമ്പുഴയിലെ ഷൊർണൂരിലോ ആണെങ്കിൽ താൻ മത്സരിക്കേണ്ടതില്ല.  പക്ഷേ, തൃത്താലയിൽ താൻ മത്സരിക്കണം. അത് പാർട്ടിയുടെ ആവശ്യമാണ്'. കൈവിട്ടുപോയ തൃത്താല മണ്ഡലം തിരിച്ചുപിടിക്കണം എന്നത് അദ്ദേഹത്തിൻറെ ദൃഢനിശ്ചയമായിരുന്നു.

ആ തെരഞ്ഞെടുപ്പിൽ തൃത്താലയുടെ മുഖ്യ ചുമതലക്കാരനും ചന്ദ്രേട്ടൻ ആയിരുന്നു. മണ്ഡലം തിരിച്ചു പിടിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ പട മുന്നിൽ നിന്ന് നയിച്ച നായകനായിരുന്നു ചന്ദ്രേട്ടൻ. എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനത്തെ അദ്ദേഹം ചലിപ്പിച്ചു.

 വോട്ടിന്റെയും ഭൂരിപക്ഷത്തിന്റെയും കാര്യത്തിൽ  അദ്ദേഹത്തിൻറെ കണക്കുകൂട്ടലുകൾ അക്ഷരംപ്രതി ശരിവച്ചുകൊണ്ടുള്ള വിജയം തൃത്താലയിലെ  ജനങ്ങൾ എൽഡിഎഫിന് സമ്മാനിക്കുകയും ചെയ്തു. അതിൽ അങ്ങേയറ്റം ആഹ്ളാദവാനും  ആവേശഭരിതനുമായിരുന്നു ചന്ദ്രേട്ടൻ. 

അദ്ദേഹം നടത്തിയ അവസാനത്തെ പ്രധാന രാഷ്ട്രീയ പ്രവർത്തനവും അതായിരുന്നു. അതിനുശേഷം ഒരു ദിവസം എന്നെയും സഖാക്കളെയും വിളിച്ചിരുത്തി തൃത്താലയിൽ നടത്തേണ്ട വികസന പ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തുകയും ഒരു  രൂപരേഖ ഉണ്ടാക്കുകയും ചെയ്തു. അതിനുശേഷം രോഗം കടുത്തു.

 പിന്നീട് സജീവമായി പാർട്ടി യോഗങ്ങളിലോ പ്രവർത്തനങ്ങളിലോ  സജീവമായി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. രോഗബാധിതനായി വിശ്രമിക്കുമ്പോൾ ഏറെക്കുറെ പതിവായി ഞാൻ അദ്ദേഹത്തെ വീട്ടിൽ ചെന്ന് കാണുമായിരുന്നു. ധാരാളം സംസാരിച്ചിരിക്കും. ഓരോ തവണ കാണുമ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. വന്നു കാണുന്നതിൽ, സംസാരിക്കുന്നതിൽ, പഴയ ഓർമ്മകൾ പങ്കുവയ്ക്കുന്നതിൽ വലിയ സന്തോഷം അദ്ദേഹം കണ്ടെത്തിയിരുന്നു.

 90കളുടെ തുടക്കത്തിൽ വിദ്യാർത്ഥി സംഘടനാ  പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമിച്ച എന്നെ പിന്തിരിപ്പിച്ച അതേ ചന്ദ്രേട്ടൻ ജീവിതത്തിൻറെ അവസാനകാലത്ത് തൃത്താലയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻറെ കൂടി  നേതൃത്വം വഹിച്ച് വിജയത്തിലേക്ക് നയിച്ചു.  കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം എൻറെ ജീവിതത്തിലെ വളരെ നിർണായകമായ പല ഘട്ടങ്ങളിലും സ്വാധീനം ചെലുത്തിയ സഖാക്കളുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ആളാണ് വിടപറഞ്ഞത്.  അതുണ്ടാക്കുന്ന വേദനയും ശൂന്യതയും വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ല. ഉശിരനായ കമ്മ്യൂണിസ്റ്റ് സഖാവ് ചന്ദ്രേട്ടന് വിട. ലാൽസലാം


Below Post Ad