കൂറ്റനാട്: കറുകപുത്തൂര്‍ ഓട്ടോസ്റ്റാൻഡില്‍ വര്‍ഷങ്ങളായി നെല്ലിയത്തു വളപ്പില്‍ ജസീലയുണ്ട്. ‘മോളൂസ്’ എന്ന തന്റെ ഓട്ടോയുമോടിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ്.
ബാല്യകാലത്തെ വാഹന മോഹം ഇത്തരത്തിലൊരു തൊഴില്‍ രംഗത്തെത്തിച്ചതിലും ജസീലയുടെ ജനകീയ ചിന്ത തന്നെയാണ്. മഹിളകളെ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചുവരികെയാണ് ജീവിത നിലനില്പിനായി സ്വയം തൊഴിലെന്ന ആശയം മനസിലുദിച്ചത്.
വീടുകള്‍ തോറും സോപ്പുപൊടി വിൽപന നടത്തിവരുന്നതിനിടെ അതിനായി പെട്ടി ഓട്ടോ വാങ്ങി ഓടിച്ചു. വിതരണം കഴിഞ്ഞാല്‍ സ്റ്റാൻഡില്‍ ആവശ്യക്കാരെ കാത്തുകിടക്കും. വണ്ടിവിളിക്കുന്നവര്ക്കൊപ്പം ലോഡിറക്കാനും കയറ്റാനും സഹായിയായി പ്രവര്‍ത്തിച്ചതോടെ ഓട്ടം കൂടിവന്നു. എന്നാല്‍ യാത്രാവാഹനമെന്ന സ്വപ്നം ഉടലെടുത്തതോടെ പെട്ടി ഓട്ടോ കൊടുത്ത് പാസഞ്ചര്‍ വാഹനം വാങ്ങി.
ആറ് വര്‍ഷമായി ഇതിലാണ് സവാരി. ആഴ്ചയില്‍ മൂന്ന് ദിവസം സോപ്പ് പൊടി കച്ചവടം, അതിന് ശേഷം സ്റ്റാൻഡിലെത്തും. രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ടുവരെയാണ് ഓട്ടം. അതിനിടെ കിട്ടുന്ന അവസരത്തില്‍ പൊതുജനസേവനവും.
ഗ്രാമങ്ങളില്‍ അപൂർവമായേ ടാക്സി ഡ്രൈവിങ് സീറ്റില്‍ സ്ത്രീകളെ കാണാറുള്ളൂ എന്നതിനാല്‍ വളരുന്ന തലമുറയിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യവുമുണ്ടന്ന് ജസീല പറയുന്നു.
അവിവാഹിതയാണ്. ജീവിതത്തില്‍ താങ്ങും തണലുമായി ഓട്ടോയല്ലാതെ ഇപ്പോ വേറെ കൂട്ടില്ലെന്നും ജസീല. സ്വന്തമായി വീടും സ്ഥലവും വാങ്ങി അതിലാണ് താമസം. ഇനിയൊരു ടാക്സി കാര്‍ വാങ്ങണമെന്നും ആഗ്രഹമുണ്ട്.