ഒറ്റപ്പാലം: റെയിൽവെ സ്‌റ്റേഷനുകളും ട്രെയിനുകളും മറ്റും പശ്ചാത്തലമാക്കി സിനിമ ചിത്രീകരണത്തെ തന്നെ വെല്ലുന്ന തരത്തിൽ വിവാഹ സംഘങ്ങൾക്ക് ഇനി സേവ് ദ ഡേറ്റും വിവാഹവും ചിത്രീകരിക്കാൻ റെയിൽവേയുടെ അനുമതി.
വരുമാന വർദ്ധനവിന് വഴിതേടുന്ന റെയിൽവേയുടെ പുതിയ തീരുമാനമാണ് ഫോട്ടോ വീഡിയോഗ്രാഫർമാർക്കും വിവാഹസംഘങ്ങൾക്കും അനുഗ്രഹമായത്.
റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടികളിലും റെയിൽവേയുടെ അധീനതയിലുള്ള മറ്റു സ്ഥലങ്ങളിലും ഫോട്ടോ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിബന്ധനകളോടെ റെയിൽവേ അനുമതി നൽകി ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്.
പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ ചിത്രീകരണത്തിന് നിശ്ചിത ഫീസ് അടച്ച് സിനിമ, പരസ്യം, വിവാഹങ്ങൾ തുടങ്ങിയവ ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ ചിത്രികരിക്കാം. 25000 മുതൽ ഒരു ലക്ഷം രൂപ വരെ വീഡിയോ ചിത്രീകരണത്തിന് വാടക നൽകണം. 1500 മുതൽ 5000 വരെ നിശ്ചല ദൃശ്യത്തിനും വാടക വരും. വിവിധ റെയിൽവെ സ്റ്റേഷനുകളിൽ വാടക വിത്യസ്തമായിരിക്കും.
വർക്ക് ക്ഷോപ്പുകൾ, കോച്ച് ഡിപ്പോകൾ, കോച്ചിംഗ് യാർഡുകൾ, റെയിൽപ്പാത എന്നിവിടങ്ങളിൽ ചിത്രീകരണത്തിന് അനുമതി നൽകില്ല.
വെട്ടം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ സിനിമാ ചിത്രീകരണത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ ഷൊർണൂർ-നിലമ്പൂർ പാത, പാലക്കാട്-പൊള്ളാച്ചി പാത, കൊല്ലംചെങ്കോട്ട പാത എന്നിവിടങ്ങളിലെ ഭംഗിയേറിയ റെയിൽവേ സ്റ്റേഷനുകളും ട്രെയിൻ കാഴ്ച്ചകളും ഇനി സേവ് ദ ഡേറ്റിലെ മനോഹര കാഴ്ചയാക്കാം.
🔺അപേക്ഷ നൽകണം
ചിത്രീകരണത്തിന് അനുമതി തേടി വിവാഹസംഘങ്ങൾക്കോ ഫോട്ടോ, വീഡിയോഗ്രാഫർമാർക്കോ റെയിൽവേയ്ക്ക് അപേക്ഷ സമർപ്പിക്കാം. ഇത് ചിത്രീകരണദിവസത്തിന് ഏഴ് ദിവസം മുൻപ് വേണം. അനുമതിക്കുള്ള അപേക്ഷകൾ റെയിൽവേ ഡിവിഷണൽ മാനേജരുടെ മുൻപാകെ നൽകണം.
🔺റെയിൽവേക്ക് പുതിയ വരുമാന വഴി തുറക്കും
റെയിൽവേയ്ക്ക് ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കണക്ക് കൂട്ടൽ. കോഴിക്കോട്, കണ്ണൂർ, ഷൊർണൂർ. കോയയമ്പത്തൂർ, പാലക്കാട്, മംഗളൂരു തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വീഡിയോ ചിത്രീകരിക്കാൻ ദിവസം 25000 മുതൽ ഒരു ലക്ഷം രൂപവരെ വാടക വരും. അക്കാഡമിക ആവശ്യങ്ങൾക്ക് 1500 രൂപ വരെ ചെറിയ വാടകയിൽ ചിത്രീകരിക്കാം.
തീവണ്ടിയിലെയോ, ചരക്ക് കയറ്റിയിറക്കുന്നതോ ആയ ദൃശ്യങ്ങൾ നിശ്ചലദൃശ്യങ്ങളായി പകർത്താൻ ലൈസൻസ് ഫീസിനുപുറമേ 1000-1500 രൂപ അധികം നൽകണം. മറ്റു കാര്യങ്ങൾക്കാണെങ്കിൽ 500 മുതൽ 1000 വരെ രൂപ അധികം നൽകേണ്ടിവരും.