തൃത്താല: അഥിതി തൊഴിലാളികളായ രണ്ട് വനിതകളെ പെട്ടി ഓട്ടോയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണിയം പെരുമ്പലം സ്വദേശിയും ഗുഡ്സ് ഓട്ടോയിൽ പഴവർഗ്ഗങ്ങൾ വിൽപന നടത്തുന്ന ആളുമായ ദാസൻ എന്ന 45-കാരനാണ് പൊലീസിന്റെ പിടിയിലായത്. കോടതയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെട്ടി ഓട്ടോയിൽ പഴവർഗങ്ങൾ വിൽപ്പന നടത്തിവരികയായിരുന്ന പ്രതി കുറ്റിപ്പുറം ഭാഗത്തേക്ക് പോകവെ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് വനിതകളെ പെട്ടി ഓട്ടോയുടെ മുന്നിൽ കയറ്റി. സൈഡ് സീറ്റിൽ ഇരുത്തിയ ഇവരെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്ത്രീകൾ ബഹളം വെച്ചതോടെ ഇയാൾ ഓട്ടോ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് സ്ത്രീകളും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച രാത്രിയോടെ ഇയാൾ പിടിയിലാകുന്നത്.