കുന്നംകുളം: അപകടത്തിൽപെട്ട കാറുമായി കടന്ന് കളയാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് പിന്തുടർന്ന് പിടികൂടി.വെള്ളറക്കാട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളാണ് പിടിയിലായത്.
കുന്നംകുളം മുനിസിപ്പൽ ഓഫിസിന് സമീപം വൺവേ റോഡിലായിരുന്നു അപകടം. നമ്പർ പ്ലേറ്റില്ലാത്ത കാറുമായി എത്തിയ വിദ്യാർഥികൾ കാറിലും ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്.
ശേഷം നിർത്താതെ പോയ കാറിനെ അതുവഴി വന്ന പൊലീസ് ഡോഗ് സ്ക്വാഡിന്റെ വാഹനവും നാട്ടുകാരും പിന്തുടർന്ന് കക്കാടുനിന്ന് പിടികൂടുകയായിരുന്നു.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്നവർക്കും വാഹനം ഓടിച്ചവരുടെ രക്ഷിതാവിനും 25000 രൂപയുമാണ് പിഴ. മൂന്നുവർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം.