വേള്‍ഡ് ജൂനിയര്‍ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പ് പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യക്കാരിയായി കല്‍പകഞ്ചേരി സ്വദേശി നിദ അന്‍ജും

 


അന്താരാഷ്ട്ര ഇക്വേസ്ട്രിയന്‍ സ്പോര്‍ട്സ് ഫെഡറേഷന്‍ (എഫ്ഇഐ)യുവാക്കള്‍ക്കും ജൂനിയര്‍ റൈഡര്‍മാര്‍ക്കുമായി ഫ്രാന്‍സില്‍ സംഘടിപ്പിച്ച ഇക്വേസ്ട്രിയന്‍ വേള്‍ഡ് ജൂനിയര്‍ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രംരചിച്ച് മലയാളിയായ നിദ അന്‍ജും ചേലാട്ട്. എപ്‌സിലോന്‍ സലൂ എന്ന കുതിരയെ 120 കിലോമീറ്റര്‍ ഓടിച്ചാണ് തിരൂര്‍ കല്‍പകഞ്ചേരി സ്വദേശിയായ ഈ 21കാരി സ്വപ്‌നനേട്ടം കൈവരിച്ചത്.


25 രാജ്യങ്ങളില്‍ നിന്നുള്ള 70 മല്‍സരാര്‍ഥികളോടായിരുന്നു നിദയുടെ മല്‍സരം. ജിസിസിയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എംഡി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെ മകളായ നിദ യുഎഇയിലാണ് ജനിച്ചുവളര്‍ന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അബൂദബിയില്‍ നടന്ന ശൈഖ് ഹംദാന്‍ ബിന്‍ ഖലീഫ ആല്‍ നഹ് യാന്‍ കുതിരയോട്ട മല്‍സരത്തിലെ ടു സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയതടക്കമുള്ള നേട്ടങ്ങളുടെ കരുത്തിലായിരുന്നു നിദ ലോകോത്തര കുതിരയോട്ടക്കാരെ നേരിടാനിറങ്ങിയത്. 

ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ച ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതിക്കു പുറമേ മല്‍സരം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നിദയ്ക്കായി എന്നതു മറ്റൊരു പെരുമയായി. മാതാവ് മിന്നത്തും സഹോദരി ഡോ. ഫിദ അന്‍ജും അന്‍ജും അനസും പിതാവിനു പുറമേ പിന്തുണയുമായി നിദയ്‌ക്കൊപ്പമുണ്ട്

Below Post Ad