കുടുംബശ്രീ പെൺകരുത്തിന്റെ പ്രസ്ഥാനം: മന്ത്രി എം.ബി രാജേഷ്

 


സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയമായി സ്ത്രീകളെ ശാക്തീകരിച്ചിട്ടുള്ള പെൺകരുത്തിന്റെ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 

തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന തിരികെ സ്‌കൂളില്‍ അയല്‍ക്കൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തല്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃത്താല ഡോ. കെ.ബി മേനോന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 സ്ത്രീ ശാക്തീകരണത്തിന് വലിയൊരു കുതിച്ചു ചാട്ടത്തിന് കുടുംബശ്രീ ഇടയാക്കിയിട്ടുണ്ട്. 25 വർഷം മുമ്പ് ഇത്രയും സ്ത്രീജനങ്ങളെ ഒരു പൊതുപരിപാടിയിൽ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല. കുടുംബശ്രീ സ്ത്രീകളുടെ  ജീവിതത്തെ അടിമുടി മാറ്റിമറിച്ചു.

കുടുംബശ്രീ  ആദ്യം ആരംഭിക്കുന്നത് ദാരിദ്ര്യ നിർമാർജനത്തിന്റെ  ഉപാധി എന്ന നിലയിലാണ്. 25 വർഷം കൊണ്ട് ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഏറ്റവും നിർണായകമായ പങ്കു വഹിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. ഇനിയുള്ള ലക്ഷ്യം  സ്ത്രീകളുടെ വരുമാനം വർധിപ്പിക്കുകയാണ്.

 കുടുംബശ്രീയുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. ചിറക് മുളച്ച കുടുംബശ്രീ ആകാശത്തിലേക്ക് പറന്നുയരാൻ തയ്യാറായി നിൽക്കുകയാണ്. അതിനാവശ്യമായ അറിവ്, ഊർജ്ജം നൈപുണ്യം എന്നിവ സമാഹരിക്കുന്നതിനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.

ജീവിത നിലവാരം, സാമൂഹിക സാമ്പത്തിക സൂചകങ്ങൾ മാനവ പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ നീതി ആയോഗ് ഉൾപ്പെടെയുള്ള അന്തർദേശീയ ഏജൻസികളുടെ സൂചികകളിൽ സംസ്ഥാനത്തെ ഒന്നാമതായി ഉയർത്തുന്നതിൽ സഹകരണം- ഗ്രന്ഥശാല- കുടുംബശ്രീ പ്രസ്ഥാനങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും വീണ്ടും സ്കൂളിൽ പോകാനുള്ള അതിയായ ഉത്സാഹത്തോടെയാണ് എത്തിയിരിക്കുന്നത്. ഈ ഉത്സാഹവും ആവേശവും സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് തിരികെ സ്കൂളിലേക്ക് എന്ന ആശയത്തിന്റെ വിജയം. ഇന്ന് മുതൽ ഡിസംബർ 10 വരെ എല്ലാ അവധി ദിവസങ്ങളിലും അമ്മമാരും മുത്തശ്ശിമാരും സ്കൂളിൽ പോകും.

 കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി നടത്താനായുള്ള വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ എങ്ങനെ കൃത്യമായി സൂക്ഷിക്കാം, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഓറിയന്റേഷൻ തുടങ്ങിയവ നൽകുന്ന ക്ലാസുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ ബെല്ലടിച്ച് മന്ത്രി എം.ബി രാജേഷ് കുടുംബശ്രീ അംഗങ്ങളെ തിരികെ ക്ലാസിലേക്ക് നയിച്ചു.

പരിപാടിയിൽ ആദിവാസി മേഖലയിൽ നടപ്പാക്കുന്ന പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായ പ്രത്യേക അയൽക്കൂട്ടം വിളിച്ചു ചേർക്കൽ കർമ്മപദ്ധതി നമ്മകൂട്ടം ക്യാമ്പയിന്റെ പോസ്റ്റർ മന്ത്രി എം.ബി രാജേഷ് കില ഡയറക്ടർ ജോയ് ഇളമണ് നൽകി പ്രകാശനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, കുടുംബശ്രീ  സംസ്ഥാന മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Below Post Ad