കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ യുവാവ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. അപകടം വരുത്തിവച്ച് കാറുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. മലപ്പുറം എടയൂർ തിണ്ടലം സ്വദേശി പള്ളിയാലിൽ നൗഫലിനെ ബൈക്ക് ഇടിച്ച് വീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്.
സംഭവത്തിൽ യൂട്യൂബറും എടയൂർ പൂക്കാട്ടിരി വട്ടപ്പറമ്പ് സ്വദേശിയുമായ വാക്കയിൽ വീട്ടിൽ ഫിറോസിനെ കുറ്റിപ്പുറം എസ്.എച്.ഒ പത്മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സാരമായി പരിക്കേറ്റ യുവാവിനെ മാറാക്കരയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈക്ക് പൊട്ടലുണ്ട്.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: കുറ്റിപ്പുറം ടൗണിലെ റസ്റ്ററെന്റിൽ വച്ച് ഭക്ഷണം വീഡിയോയിൽ പകർത്തുന്നത് നൗഫൽ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് തുടക്കം. ഇത് വാക്ക്തർക്കമാവുകയും അസഭ്യ വർഷങ്ങളും തുടർന്ന് കശപിശയിലേക്ക് നീങ്ങുന്നതും ശ്രദ്ധയിൽപെട്ട കടയുടമ ഇരുവരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.
റസ്റ്ററെന്റിന്റെ പുറത്ത് വച്ചും ഇരുവരും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുകയും കയ്യാങ്കളിയുണ്ടാവുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന നൗഫലിനെ പിറകെ കാറിലെത്തിയ ഫിറോസ് ഇടിച്ച് തെറിപ്പിച്ച് കടന്നു കളയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് പരിക്കേറ്റ് റോഡിൽ കിടന്ന നൗഫലിനെ ആദ്യം കുറ്റിപ്പുറത്തെ സ്വകാര്യ അശുപത്രിയിലും തുടർന്ന് വളാഞ്ചേരിയിലെയും ഒടുവിൽ മാറാക്കരയിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചത്.
വെറുമൊരു 'ഹിറ്റ് & റൺ' അപകടമെന്ന തരത്തിൽ വിശേഷിപ്പിക്കാവുന്ന ഒരു അപകടമാണ് കുറ്റിപ്പുറം പോലീസിന്റെ അന്വേഷണ മികവിൽ വധശ്രമമാണെന്ന് വെളിപ്പെട്ടത്. അപകടമുണ്ടാക്കിയ വാഹനം നിറുത്താതെ പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സംഘം സമീപത്തെ സി.സി.ടി.വികൾ പരിശോധിക്കുകയും മറ്റും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കശപിശയും മറ്റ് കാര്യങ്ങളും വെളിവായത്. തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുകയുമായിരുന്നു.