തൃശൂർ സ്കൂളിലെ വെടിവെപ്പ്; നടുക്കം മാറാതെ അധ്യാപകരും വിദ്യാര്‍ഥികളും.

 


തൃശ്ശൂര്‍: എയര്‍ഗണ്ണുമായെത്തി പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തിയതിന്റെ നടുക്കത്തിലാണ് തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും.നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നടന്ന സംഭവം നാട്ടുകാരെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തി.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ സ്‌കൂളിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

സ്റ്റാഫ് റൂമിലേക്കാണ് ഇയാള്‍ ആദ്യം വന്നതെന്നാണ് സ്‌കൂളിലെ ജീവനക്കാര്‍ പറയുന്നത്. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു.

പ്രതിയായ പൂര്‍വവിദ്യാര്‍ഥി രണ്ടുകൊല്ലം മുന്‍പാണ് പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. രണ്ടുകൊല്ലം മുന്‍പ് തന്റെ കൈയില്‍നിന്ന് വാങ്ങിവെച്ച തൊപ്പി വേണമെന്നാണ് ഇയാള്‍ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി ആവശ്യപ്പെട്ടത്.

 തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും
ബാഗില്‍നിന്ന് തോക്കെടുത്ത് ഇവര്‍ക്ക് നേരേ ചൂണ്ടുകയുമായിരുന്നു. ഇതിനു ശേഷമാണ് ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറിയത്.തുടര്‍ന്ന്  ക്ലാസ്മുറികളില്‍വെച്ചും ഇയാള്‍ വെടിയുതിര്‍ത്തെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

 സംഭവത്തില്‍ പ്രതിയായ മുളയം സ്വദേശി ജഗന്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ലഹരി ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും സംശയമുണ്ട്

Tags

Below Post Ad