ബസ്സിനുള്ളിൽ കൃത്രിമമായി തിക്കും തിരക്കും ഉണ്ടാക്കി മോഷണം;സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്

 


തൃശൂർ : ബസ്സുകളിലും ഷോപ്പിങ്ങ് മാളുകളിലും, ഉത്സവപ്പറമ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളിൽ നിന്നും പ്രായമായവരിൽ നിന്നും സ്വർണമാലയും പഴ്സും മൂല്യമേറിയ വസ്തുക്കളും മോഷ്ടിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഏതാനും ദിവസങ്ങൾക്കുമുമ്പ് തൃശൂർ സിറ്റി പോലീസ് അറിയിച്ചിരുന്നു. 

ഇന്നലെ തൃശൂർ നഗരത്തിൽ ബസ്സിൽ യാത്രചെയ്തിരുന്ന സ്ത്രീയുടെ ബാഗിനുള്ളിലെ പഴ്സിൽ സൂക്ഷിച്ചിരുന്ന 27,000 രൂപയും, ഗൾഫിൽ ജോലിചെയ്യുന്നതിനുവേണ്ട സുപ്രധാന രേഖകളും നഷ്ടപ്പെടുകയുണ്ടായി. 

ബസ്സിനുള്ളിൽ കൃത്രിമമായി തിക്കും തിരക്കും സൃഷ്ടിച്ച് മറുനാട്ടുകാരായ സ്ത്രീ സംഘങ്ങൾ തന്നെയാണ് ഇത്തരം മോഷണങ്ങൾക്കു പിറകിലെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കളെ പിടികൂടുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ബസ്സുകളിലും, തിരക്കേറിയ സ്ഥലങ്ങളിലും മഫ്ടി വേഷത്തിൽ വനിത പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

കൂടാതെ നഗരത്തിൽ പ്രത്യേക പോലീസ് പരിശോധനയും ക്യാമറ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അറിയിപ്പ് പരിഗണിച്ച് യാത്രാവേളകളിലും, ജനത്തിരക്കേറിയ ഉത്സവാഘോഷ വേളകളിലും പരമാവധി ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

തൃശൂർ സിറ്റി പോലീസ്

Tags

Below Post Ad