പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരിൽ

 


പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരിൽ. 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക് പോകും.
കളക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. 3.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. 4.15ന് പൊതുസമ്മേളനം.

കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയുമുണ്ടാകും. 5.30ന് ആണു പ്രധാനമന്ത്രിയുടെ മടക്കയാത്ര. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശ്ശൂരിലേത്.


പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർണ്ണമായിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ന​ഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ ന​ഗരം എസിപിജിയുടെ നിയന്ത്രണത്തിലാകും. സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തേക്ക് കർശന പരിശോധനയോടെയാണ് ആളുകളെ കടത്തിവിടുന്നത്.  


പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തടുർന്ന് തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് അവധി.  


എന്നാൽ മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുമെന്ന് കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Below Post Ad