കൂടല്ലൂർ : കൂട്ടക്കടവിൽ ഭാരതപ്പുഴയിലെ പുൽകാടുകൾക്ക് തീ പിടിച്ചു.
പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് മൂലം ഇവിടെ നിന്നു തീ പടർന്നാണു പുഴയിലെ പുൽക്കാടുകൾ കത്തിയമരുന്നത്.
ദേശാടനക്കിളികൾ ഉൾപ്പെടെയുള്ള പക്ഷികളുടെ ആവാസ കേന്ദ്രങ്ങൾ കത്തിനശിക്കുന്നതിന് ഇത് കാരണമാകുന്നു.
ഈ പുൽക്കാടുകളിലാണു പക്ഷികൾ തണുപ്പ് കാലത്ത് കൂടുകൂട്ടാനും മുട്ടയിടാനുമായി എത്തുന്നത്.
തീപിടിത്തങ്ങൾ ആവർത്തിക്കപ്പെട്ട് അപൂർവ ഇനങ്ങളിൽപെട്ട പക്ഷികളും ദേശാടനക്കിളികളും ഉൾപ്പെടെ കത്തിക്കരിയുമ്പോഴും ഇതു സംബന്ധിച്ച അന്വേഷണവും നടപടിയും തുടങ്ങിയിട്ടില്ല.
ദേശാടനക്കിളികൾ ഉൾപ്പെടെ കത്തിക്കരിയുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനം തടയണമെന്ന നിർദേശം ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ചു മൂന്ന് വർഷം പിന്നിടുമ്പോഴാണ് അവഗണന.
ആവർത്തിക്കപ്പെടുന്ന തീപിടിത്തം പക്ഷികളെ ഈ പ്രദേശങ്ങളിൽ നിന്ന് അകറ്റുന്നതായാണു പക്ഷിനിരീക്ഷകരുടെ വിലയിരുത്തൽ.
മലമക്കാവ് റോഡ് മുതൽ കൂടല്ലൂർ പമ്പ് ഹൗസ് വരെയുള്ള പുഴയിലെ പുൽക്കാടുകളാണ് ഭാഗികമായി കത്തിയമർന്നത്. വൈകിട്ട് പട്ടാമ്പി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.