വീടും സ്ഥലവുമില്ലാത്ത നാസറിന്റെ കൈയിലേക്ക് 10 കോടിയുടെ ബമ്പർ

 



ആലക്കോട്: 'ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ഉമ്മ മരത്തടി ചുമന്നാണ് എന്നെ പോറ്റിയത്. അലച്ചിൽ ദൈവം കണ്ടു. അതാണ് എനിക്ക് കിട്ടിയ സമ്മാനം.' കേരള സർക്കാരിന്റെ 10 കോടി രൂപയുടെ സമ്മർ ബമ്പർ ലോട്ടറി അടിച്ച പരപ്പ നെടുവോട് പാറപ്പുറത്ത് വീട്ടിൽ നാസർ എന്ന നാൽപ്പത്തിനാലുകാരൻ പറയുന്നു. രാജരാജേശ്വരി ലോട്ടറി ഏജൻസിയുടെ കാർത്തികപുരത്തെ സബ് ഏജൻസി നടത്തുന്ന രാജുവിൻ്റെ പക്കൽനിന്നെടുത്ത എസ്.സി. 308797 നമ്പർ ടിക്കറ്റിനാണ് സമ്മാനം.

സ്വന്തം വീടോ സ്ഥലമോ ഇല്ലാത്ത നാസർ ഉമ്മ മറിയത്തിനും ഇളയമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കുമൊപ്പമാണ് താമസം. ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. കാർത്തികപുരം ടൗണിൽ ടിപ്പറും ഓട്ടോയും മറ്റും ഓടിച്ചാണ് കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് ഓട്ടോ വിറ്റു. 'പുതിയതൊന്ന് ബാങ്ക് വായ്‌പയെടുത്ത് വാങ്ങാനിരിക്കുമ്പോഴാണ് ദൈവം കൈനിറയെ തന്നത്. എന്നെപ്പോലെ കഷ്‌ടപ്പെടുന്ന വേറെ ആൾക്കാരുണ്ടല്ലോ. അവരെയും സഹായിക്കണം. സ്വന്തമായി വീടുണ്ടാക്കണം. -- ഇളയമ്മയ്ക്ക് മികച്ച ചികിത്സ നൽകണം'- നാസറിന്റെ ആഗ്രഹങ്ങൾ ഇതൊക്കെ.

രണ്ടുമൂന്ന് മാസമേ ആയുള്ളു പതിവായി ലോട്ടറിയെടുക്കാൻ തുടങ്ങിയിട്ട്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് രാജുവിൻ്റെ കടയിൽ ചെന്ന നാസർ ഒരു ടിക്കറ്റ് നോക്കിവെച്ചു. അൽപം കഴിഞ്ഞ് വരാം, അതുവരെ ആരും എടുത്തില്ലെങ്കിൽ ഞാൻതന്നെ എടുത്തോളാമെന്ന് പറഞ്ഞ് മടങ്ങി. ഏഴരയോടെ തിരിച്ചെത്തിയപ്പോൾ ടിക്കറ്റ് അവിടെത്തന്നെയുണ്ട്. 250 രൂപ കൊടുത്ത് ടിക്കറ്റെടുക്കുമ്പോൾ രാജുവിനോട് പറഞ്ഞു: ഇത് എനിക്കുള്ളതാണ്. ഇതിനാണ് ഒന്നാം സമ്മാനം.'

നമ്പർ മനപ്പാഠമാക്കി, ടിക്കറ്റ് പഴ്സിൽവെച്ച് നാസർ വീട്ടിലേക്ക് പോയി. ബുധനാഴ്ച പതിവുപോലെ കാർത്തികപുരത്തെത്തി. ഉച്ചയ്ക്ക് രണ്ടോടെ സുഹൃത്തിന്റെ കടയിൽ മൊബൈൽഫോണിലെ ആപ്പിൽ നമ്പർ തെളിഞ്ഞു. അത് തൻ്റേതെന്ന് നാസറിന് ഉറപ്പായിരുന്നു. ഒന്നുകൂടി ഉറപ്പിക്കാൻ ടിക്കറ്റെടുത്ത കടയിൽ ചെന്നു. രാജുവിന്റെ മകൻ ഷൈജുവിനോട് പറഞ്ഞു. വിശ്വസിക്കാഞ്ഞപ്പോൾ ടിക്കറ്റെടുത്ത് ഇരുവരും ചേർന്ന് നോക്കി. സംശയം നീങ്ങി. വാർത്ത നാടെങ്ങും പരന്നു. പിന്നെ നിലയ്ക്കാത്ത ഫോൺകോളുകളായിരുന്നു. മറുപടി പറഞ്ഞ് മടുത്തു. നോമ്പുകാലം കൂടിയായതിനാൽ ക്ഷീണം കൂടി. ഫോൺ ഓഫായി.

'ഇന്നുവരെ നിസ്കാരം മുടക്കിയിട്ടില്ല. അതൊക്കെ ദൈവം കണക്കിലെടുത്തിട്ടുണ്ടാകണം' -വിനയത്തോടെ നാസർ പറഞ്ഞു. പിതാവ് സുലൈമാൻ ആറുവർഷം മുൻപ് കുട്ടാപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. മകൻ നിസാർ കോഴിക്കോട്ട് മതപഠനം നടത്തുന്നു. മകൾ നസിൽ ചപ്പാരപ്പടവ് സ്‌കൂൾ വിദ്യാർഥിയാണ്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ആലക്കോട് ശാഖയിലെത്തി മാനേജർ പി. ആദർശ്, അസി. മാനേജർ സെൻജി തോമസ് എന്നിവർക്ക് കൈമാറി.

Tags

Below Post Ad