ശിവരാത്രി ആഘോഷത്തിനിടെ സ്മാര്‍ട്‌ഫോണുകള്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം വളാഞ്ചേരിയില്‍ പിടിയിൽ

 


വളാഞ്ചേരി : ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷത്തിനിടെ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ വളാഞ്ചേരിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ആളുകളില്‍ നിന്ന് ആറു സ്മാര്‍ട്‌ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസിലാണ് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.

ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ മൊയ്തീന്‍ എന്ന കാവാട് കുഞ്ഞിപ്പ, കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി തോട്ടിപ്പറമ്പില്‍ സുരേഷ് എന്ന താടി സുരേഷ്, മുത്തൂര്‍ കട്ടക്കളങ്ങര സ്വദേശി മുജീബ് റഹ്മാന്‍ എന്ന തലൈവര്‍ മുജീബ് എന്നിവരാണ് പിടിയിലായത്.

വളാഞ്ചേരിയിലെ സ്വകാര്യ ബാറിനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ വളാഞ്ചേരിയില്‍ എത്തിയതായി മനസ്സിലാക്കി, ബാറിനു മുന്നില്‍ നിന്ന് പിടികൂടുകയുമായിരുന്നു.

മോഷണം, മദ്യവില്‍പന, പിടിച്ചുപറി, ബസുകളില്‍ പോക്കറ്റടി തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായ സംഘം. കേരളത്തിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ ആലുവ പൊലീസിന് കൈമാറും.




Below Post Ad